Sunday, 18 June 2017

ചലച്ചിത്രലോകത്തെ ആചാര്യന്മാര്‍ക്ക് പ്രണാമം അര്‍പ്പിച്ച് മേളയുടെ മൂന്നാംദിനം

മലയാളത്തിലെ സമാന്തര സിനിമക്ക് ശക്തമായ അടിത്തറ പാകിയ കെ.ജി. ജോര്‍ജിന്റെ ജീവിതം പ്രേക്ഷകരിലെത്തിച്ചും പ്രശസ്ത ജര്‍മന്‍ സംവിധായകന്‍ വിം വെന്‍ഡേഴ്‌സിന് ആദരവര്‍പ്പിച്ചുമാണ് അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയുടെ മൂന്നാംദിനം കടന്നുപോയത്.
എഴുപതുകളിലെയും എണ്‍പതുകളിലെയും കേരളീയ സമൂഹത്തിന്റെ അവസ്ഥാന്തരങ്ങളെ ആഴത്തില്‍ പ്രതിഫലിപ്പിച്ച സിനിമകളുടെ സംവിധായക കെ.ജി. ജോര്‍ജിന്റെ ജീവിതവും സംഭാവനകളും അവതരിപ്പിക്കുന്ന 8 1/2 ഇന്റര്‍കട്ട്‌സ് എന്ന ചിത്രമാണ് പ്രത്യേക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. ലിജിന്‍ ജോസും ഷാഹിന കെ. റഫീക്കും ചേര്‍ന്നാണ് രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ചലച്ചിത്രാചാര്യനെ ആദരിക്കുന്ന മാസ്‌ട്രോ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച വിം വെന്‍ഡേഴ്‌സിന്റെ 'നോട്ട്ബുക്ക് ഓണ്‍ സിറ്റീസ് ആന്‍ഡ് ക്ലോത്ത്‌സ്' ആണ് മറ്റൊരു പ്രധാനചിത്രം. പ്രശസ്ത ചലച്ചിത്രകരനായ ചാലാം ബെന്നൂര്‍ക്കറിന് ആദരം അര്‍പ്പിയ്ക്കുന്നതിന്റെ ഭാഗമായി മേളയുടെ ഹോമേജ് വിഭാഗത്തില്‍ ചില്‍ഡ്രന്‍ ഓഫ് മിനി ജപ്പാനും പ്രദര്‍ശിപ്പിച്ചു.

മൈഗ്രന്റ് ബോഡീസ്, നേറ്റീവ് ഹാര്‍ട്ട്‌സ് എന്നീ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ച ഇന്‍സാന്‍, നസ്രിന്‍, ഇറ, ലൈഫ് ഓഫ് അജ്‌നബി, ജേര്‍ണി ബാക്ക്, സഫര്‍ എന്നീ ചിത്രങ്ങള്‍ പ്രവാസിമലയാളികുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായിരുന്നു. വിയന്ന ഷോര്‍ട്ട്‌സ് ആയിരുന്നു മൂന്നാംദിനത്തിലെ മറ്റൊരു ആകര്‍ഷണം. വിയന്ന ഹ്രസ്വചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ ചിത്രങ്ങളില്‍ അഞ്ചെണ്ണമാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. ലാറ്റിനമേരിക്കയില്‍ നിന്നുള്ള രണ്ട് അനിമേഷന്‍ ചിത്രങ്ങളും മൂന്നാംദിനം പ്രദര്‍ശിപ്പിച്ചു.
ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പലസ്തീന്‍ സംവിധായിക മായ് മസ്രീയുടെ 'ബെയ്‌റൂട്ട്  ഡയറീസ്: ട്രൂത്ത് ലൈസ് & വീഡിയോസ്', മലയാളി സംവിധായകന്‍ വിപിന്‍ വിജയുടെ 'ഭൂമിയില്‍ ചുവടുറച്ച്' എന്നിവയാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ മറ്റു ചിത്രങ്ങള്‍. ബെയ്‌റൂട്ട് മുന്‍ പ്രധാനമന്ത്രിയായിരുന്ന റഫീഖ് ഹരീരിയുടെ വധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഭരിതമായ കാലഘട്ടത്തില്‍ ബെയ്‌റൂട്ട് സിറ്റി സെന്ററില്‍ ജീവിക്കേണ്ടിവന്ന ഒരുകൂട്ടം ലബനീസ് വിദ്യാര്‍ത്ഥികളുടെ ജീവിതമാണ്  'ബെയ്‌റൂട്ട്  ഡയറീസ്: ട്രൂത്ത് ലൈസ് & വീഡിയോസ്'. മലയാളസിനിമയെ അന്താരാഷ്ട്രതലത്തില്‍  എത്തിച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു വിപിന്‍  വിജയുടെ ഭൂമിയില്‍ ചുവടുറച്ച്.

കാമ്പസ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച നാല് ചിത്രങ്ങളില്‍ ജയേഷ്‌ലാല്‍ കെ, ലിന്‍ഡ സൂസന്‍ മാത്യു, നസീര്‍ എം. സാബ് എന്നിവരുടെ കീടാണു എന്ന ചിത്രം നിരന്തരം കൈകഴുകുന്ന  പെണ്‍കുട്ടിയുടെ കഥയാണ് പറഞ്ഞത്. ശ്രീദേവി. ഡി സംവിധാനം ചെയ്ത ദ സീ വിതിന്‍ അസ് എന്ന ചിത്രം ആധുനിക കാലത്തെ വിഷാദമാണ് പ്രമേയമാക്കിയത്. മാനസികമായി തളര്‍ന്നവരോട് അനുതാപത്തോടെ പെരുമാറാന്‍ സമൂഹത്തില്‍ ആരും തയ്യാറാവുന്നില്ലെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ചിത്രം. കൃഷ്ണദേവ് മേനോന്റെ ഒരു കാര്യം ചോദിച്ചോട്ടെ എന്ന ചിത്രം പഴയ തലമുറയുടെ വിശ്വാസങ്ങളും അതെക്കുറിച്ച് പുതിയ തലമുറയ്ക്കുള്ള ജിജ്ഞാസയുമാണ് പങ്കുവെച്ചത്. അച്യുത് ഗിരി, ഗോകുല്‍ ബിനു എന്നിവര്‍ സംവിധാനം ചെയ്ത വേക്ക് അപ് സ്വന്തം സ്വപ്നങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയും പക്ഷേ ആ സ്വപ്നത്തില്‍നിന്ന് മോചിതനാകാന്‍ കഴിയാത്ത ഒരു ചലച്ചിത്രാസ്വാദകന്റെ അവസ്ഥയാണ് വെളിപ്പെടുത്തിയത്.

എല്ലാ സായാഹ്നങ്ങളിലും ഒത്തുകൂടി തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന ന്യൂഡല്‍ഹിയിലെ വിധവാ കോളനിയിലെ സ്ത്രീകളെക്കുറിച്ചുള്ള കഥയായിരുന്നു കോമ്പറ്റീഷന്‍ ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ടീന കൗറിന്റെ 1984 വെന്‍ ദ സണ്‍ ഡിഡിന്റ് റൈസ്. ഇന്ത്യയിലെ അവസാന ഗണികമാരില്‍ ഒരാളും ഗായികയുമായ ബീഗം അക്തറിനെ കുറിച്ചുള്ള ഓര്‍മ്മകളിലൂടെ ക്യാമറ ചലിപ്പിക്കുകയാണ് ഡാന്‍ട്രിയല്‍ ഇന്‍ പ്രെയ്‌സ് ഓഫ് ദാറ്റ് ഏയ്ഞ്ചല്‍ ഫെയ്‌സ് എന്ന ചിത്രത്തിലൂടെ സംവിധായകന്‍ നിര്‍മ്മല്‍ ചന്ദര്‍.

താഴെത്തട്ടില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പ്രമേയമാക്കിയ ചിത്രങ്ങളായിരുന്നു ഷോര്‍ട്ട് ഡോക്യുമെന്ററി മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച പ്രിയ തൂവശ്ശേരിയുടെ സര്‍വേ നമ്പര്‍ സീറോ, ആകാശ് ബസുമതാരി, അര്‍പ്പിത കതിയാര്‍, രാധിക അഗര്‍വാള്‍, രാജേന്ദ്ര ജാഥവ്, സൗരഭ് കുമാര്‍, സുജാത സര്‍ക്കാര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ദ ഇറ്റിനെറന്റ്‌സ് എന്നിവ. വിഭജനത്തിന്റെ ഇരകളായി 1947 ല്‍ മുത്തച്ഛനും മുത്തശ്ശിയും ഉപേക്ഷിച്ചുപോയ വീടുതേടി രണ്ട് പേരക്കുട്ടികള്‍ നടത്തുന്ന യാത്രയാണ് ഔവര്‍ ഗ്രാന്റ്‌പേരന്റ്‌സ് ഹോം എന്ന ചിത്രം. വൈകാരികമായ യാത്രയിലൂടെ ദേശീയത, സ്വത്വം, വീട് എന്നിവ വിഭജനത്തിന്റെ ഇരകളുടെ പുതിയ തലമുറകള്‍ എങ്ങനെ കാണുന്നുവെന്ന് സുപ്രിയോ സെന്‍ സംവിധാനം ചെയ്ത ഈ ചിത്രം കാട്ടിത്തരുന്നു. കണ്ണിന്റെ കൃഷ്ണമണിയെ ബാധിക്കുന്ന കെരാറ്റോകോണസ് അസുഖമുള്ള ഒരു യുവാവ് മനോഹരമായ പര്‍വ്വതങ്ങളും താഴ്‌വരകളും നിറഞ്ഞ ഹിമാലയത്തിന്റെ കാഴ്ചയാണ് തന്റെ അസുഖത്തിനുള്ള മരുന്നെന്ന് തിരിച്ചറിയുകയും യാത്രയ്ക്കായി പുറപ്പെടുകയും ചെയ്യുന്നതാണ് ജോര്‍ജ്ജ് തെങ്ങുംമൂട്ടിലിന്റെ സിങ്കാലില ഇന്‍ ദ ഹിമാലയ എന്ന ചിത്രത്തിന്റെ പ്രമേയം. പ്രശസ്ത ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ രഘു റായിയുടെ ആന്തരികവും ബാഹ്യവുമായ ലോകത്തിലൂടെയുള്ള യാത്രയാണ് സുവേന്ദു ചാറ്റര്‍ജിയുടെ രഘു റായ്: ഹിയറിംഗ് ത്രോ ദ ഐസ് എന്ന പറഞ്ഞത്.

അനിമേഷന്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അഞ്ച് ചിത്രങ്ങളില്‍ മരണത്തോട് മല്ലിടുന്ന ഭൂമിയുടെ കഥ പറയുന്ന അഭിജിത് ശങ്കറിന്റെ 'ഹാര്‍വസ്റ്റ്', ഭൂമിയിലെ വിപത്തുകളെ മുഖാമുഖം കാണുന്ന നോക്കുകുത്തിയെ പരിചയപ്പെടുത്തുന്ന ഹരോള്‍ഡ് ആന്റണി പോള്‍സന്റെ 'ഗൊമോറ' എന്നീ ചിത്രങ്ങള്‍ പ്രകൃതിയിലേക്ക് മടങ്ങാനുള്ള സന്ദേശം നല്‍കുന്നതായിരുന്നു. കുടുംബബന്ധങ്ങളുടെ തീവ്രത വിളിച്ചോതുന്ന അങ്കിത പാണ്ഡെയുടെ ബിയോണ്ട് ക്രിംസണ്‍ ടൈസ്, മൃഗാങ്ക ബുയാന്റെ ഡൂഡില്‍ സ്റ്റോറി എന്നിവ അനിമേഷന്‍ മത്സരവിഭാഗത്തിലെ ശ്രദ്ധേയ ചിത്രങ്ങളായപ്പോള്‍, ലൈംഗികസ്വാതന്ത്ര്യത്തിന്റെ സങ്കീര്‍ണ്ണതകളിലേക്കാണ് അഭിഷേക് വര്‍മ്മയുടെ ദ ഫിഷ് കറി വിരല്‍ ചൂണ്ടിയത്. തന്റെ സ്വവര്‍ഗ്ഗാനുരാഗം പിതാവിനോട് തുറന്നുപറയുന്ന ലളിത് ഘോഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതമായിരുന്നു ഈ ചിത്രം.

ഷോര്‍ട്ട് ഫിക്ഷന്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ആറ് ചിത്രങ്ങളില്‍ ധീരജ് ജിന്‍ഡലിന്റെ ദ സ്‌കൂള്‍ബാഗ് എന്ന ചിത്രം ഫാറൂഖ് എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി തന്റെ പിറന്നാളിന് പുതിയ സ്‌കൂള്‍ബാഗ് വേണമെന്ന് ആവശ്യപ്പെടുന്നതാണ്. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലാത്ത കാമുകീകാമുകന്മാര്‍ക്കിടയിലെ സംഘര്‍ഷങ്ങളാണ് സ്മൃതിക പാണിഗ്രഹിയുടെ 'മൂവിംഗ് ഓണ്‍' പറഞ്ഞത്. കുടിയേറ്റക്കാരനായ ഒരു വൃദ്ധന്റെ ജീവിതമാണ് സന്ദീപ് ബാനര്‍ജിയുടെ ദ അക്കോര്‍ഡിയന്‍ എന്ന ചിത്രം വരച്ചുകാട്ടിയത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് താന്‍ വിവാഹം കഴിക്കേണ്ടിയിരുന്ന പെണ്‍കുട്ടിയെത്തേടി വൃദ്ധനായ ഒരു ഫാക്ടറി തൊഴിലാളി നടത്തുന്ന യാത്രയാണ് ആകാശ് ശര്‍മ്മയുടെ വെഡ്ഡിംഗ് പ്രിപ്പറേഷന്‍സ് ഇന്‍ ദ കണ്‍ട്രി. സാമ്പത്തികബുദ്ധിമുട്ടുകള്‍ മൂലം അമ്മയുടെ ബാങ്ക് നിക്ഷേപം ലഭിക്കാനായി അമ്മയുടെ മരണം ആഗ്രഹിക്കുന്ന ഒരു മകന്റെ കഥയായിരുന്നു തരുണ്‍ ജെയിനിന്റെ അമ്മ എന്ന ചിത്രം. സ്വന്തം കുടുംബത്തിന്റെ അഭിമാനം രക്ഷിക്കാന്‍ വിവാഹത്തിനു മുന്‍പ് ഗര്‍ഭിണിയാകുന്ന സഹോദരിയെ കൊല്ലുന്ന സഹോദരന്റെ കഥയാണ് സോണിയ സഹാറന്റെ ദ ലിമിറ്റ് എന്ന ചിത്രത്തലൂടെ പറഞ്ഞത്.
മൂന്നാംദിനം പ്രദര്‍ശനത്തിനെത്തിയ 58 ചിത്രങ്ങളില്‍ 22 എണ്ണം മത്സരവിഭാഗത്തിലും, ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍, ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോങ് ഡോക്യുമെന്റി, ഇന്റര്‍നാഷണല്‍ തുടങ്ങിയ വിഭാഗങ്ങളിലായി 19 ചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിച്ചത്. മലയാളി സംവിധായകന്‍  ലിജോ ജോസ് പെല്ലിശ്ശേരിയുമായി സംവാദം, പ്രസ് മീറ്റ്, മുഖാമുഖം, പുഷ്പാവതി അവതരിപ്പിച്ച സംഗീതസന്ധ്യ എന്നിവയും ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്നു.

No comments:

Post a Comment

അടിച്ചമര്‍ത്തലുകള്‍ സ്ത്രീകളെ ശക്തരാക്കി: മായ് മസ്രി

യുദ്ധവും ഇസ്രായേലിയന്‍ അടിച്ചമര്‍ത്തലുകളും സ്ത്രീകളെ കൂടുതല്‍ ശക്തരാക്കിയെന്ന്  പലസ്തീന്‍ സംവിധായിക മായ് മസ്രി. തങ്ങള്‍ നേരിട്ട  പീഡനങ്ങളും...