തിരുവനന്തപുരം:
സമകാലിക ലോകത്തെ സംഘര്ഷങ്ങളെയും
മനുഷ്യാവസ്ഥകളെയും ദൈര്ഘ്യം കുറഞ്ഞ
ദൃശ്യങ്ങളിലൂടെ തീക്ഷ്ണമായി ആവിഷ്കരിക്കുകയാണ് പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളയുടെ
രാജ്യാന്തര വിഭാഗം. 19 ഡോക്യുമെന്ററികളും
14 ഹ്രസ്വചിത്രങ്ങളുമുള്‍പ്പെടെ ഈ വിഭാഗത്തില്‍
33 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
മതതീവ്രവാദം,
വംശഹത്യകള്‍, യുദ്ധത്തിന്െറ കെടുതികള്‍,
സ്വേച്ഛാധിപത്യത്തിനെതിരായ ചെറുത്തുനില്‍പ്പുകള്‍ എന്നീ പ്രമേയങ്ങളിലൂടെ
വര്ത്തമാനലോകത്തിന്െറ
സമഗ്രമായ ചിത്രം വരച്ചിടുകയാണ് ഈ
ചെറുചിത്രങ്ങള്‍. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ്
സൈനികര്‍ ഭാര്യമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കാണാനായി അയച്ചുകൊടുത്ത
തങ്ങളുടെ സന്ദേശമടങ്ങിയ വീഡിയോ ചിത്രങ്ങളുടെ വീണ്ടെടുപ്പാണ്
‘വാര്‍ മെമ്മോറിയലി’ല്‍ നാം
കാണുന്നത്. മൂന്നാം തവണയും പ്രസിഡന്‍റായി തുടരാന്‍ ഭരണഘടനാവിരുദ്ധമായി
നീക്കങ്ങള്‍ നടത്തിയ സെനഗല്‍ പ്രസിഡന്‍റിനെതിരായ ജനകീയ പ്രക്ഷോഭങ്ങള്‍
പകര്‍ത്തുന്നു, ‘ദ
റെവല്യുഷന്‍ വോണ്ട് ബി ടെലിവൈസ്ഡ്’.
അമേരിക്കയിലെ കറുത്ത വര്ഗക്കാരുടെ
അവസ്ഥയെ ചരിത്രപരമായി അന്വേഷിക്കുന്ന ’ഐ ആം
നോട്ട് യുവര്‍ നീഗ്രോ’, ഈജിപ്തിലെ
അറബ് വസന്തത്തിന്െറ
പ്രക്ഷോഭകാലത്തെ തങ്ങളുടെ പ്രണയകഥ തന്നെ
ഡോക്യുമെന്ററിയാക്കിയ നാദിയയുടെയും അയ്മന്‍െറയും ‘ഹാപ്പിലി എവര്‍
ആഫ്റ്റര്‍’, ലെബനനിലെ ആഭ്യന്തര യുദ്ധത്തിന്െറ കഥ
പറയുന്ന ‘എ ഫീലിങ്
ഗ്രേറ്റര്‍ ദാന്‍ ലവ്’, കര്‍ക്കശക്കാരായ സിഖ് മാതാപിതാക്കളുടെ മകളായി
ജനിച്ച് പോണ്താരമായി മാറിയ
സണ്ണി ലിയോണ്‍ ഇന്ത്യയില്‍ നേടിയ
സ്വീകാര്യതയുടെ കാരണങ്ങള്‍ ചികയുന്ന ‘മോസ്റ്റ്ലി
സണ്ണി’ എന്നിവ നോണ്‍ ഫിക്ഷന്‍
വിഭാഗത്തിലെ മുഖ്യ ആകര്ഷണങ്ങളാണ്.
ബോക്കോ ഹറം എന്ന
ഭീകരസംഘടന 276 പെണ്കുട്ടികളെ തട്ടിക്കൊണ്ടുപോയ
സ്കൂളിലെ പെണ്‍കുട്ടിയുടെ ഓര്‍മകള്‍ പകര്‍ത്തുന്ന
‘വെയ്റ്റ്ങ് ഫോര്‍ ഹസ്സന’, രണ്ടാംലോക
മഹായുദ്ധ കാലത്ത് വാര്സോ
നഗരത്തെ നാസി അധിനിവേശത്തില്നിന്ന്
മോചിപ്പിക്കാനുള്ള 63 ദിവസത്തെ ശ്രമങ്ങള്‍ കുട്ടികളുടെ
കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന ‘ബ്രേവ് ബഞ്ച്’, ബംഗ്ളാദേശില്‍
ഹിന്ദുക്കള്‍ക്ക് എതിരായ വംശഹത്യയില്നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലത്തെി മുസ്ലിം
സുഹൃത്തിനൊപ്പം ഉത്സവത്തില്‍ പങ്കെടുക്കുന്ന പ്രൊബീറിന്‍െറ കഥ
പറയുന്ന ‘സണ്‍ ഓഫ് കാളി’
തുടങ്ങിയവയാണ് ഫിക്ഷന്‍ വിഭാഗത്തിലെ പ്രധാനപ്പെട്ട
ചിത്രങ്ങള്‍.
No comments:
Post a Comment