Saturday, 17 June 2017

ഹൃദയ സ്പർശിയായ 3000 നൈറ്റ്‌സ്

പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ പലസ്തിനിയൻ സംവിധായിക മായി മസ്രിയുടെ 3000 നൈറ്റ്സ്  ചലനങ്ങൾ സൃഷ്ടിക്കുന്നു.വിവാഹം കഴിഞ്ഞയുടൻ തന്നെ ഇസ്രായേലിലെ ഒരു അതീവ സുരക്ഷാ വനിതാ ജയിലിൽ അടയ്ക്കപ്പെട്ട  ലയൽ എന്ന യുവതിയുടെ കഥ പറഞ്ഞ 3000 നൈറ്റ്സ് പ്രേക്ഷകരുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു.

             ഒരു തെറ്റിദ്ധാരണയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ലയലിനു  നേരിടേണ്ടി വന്നത് 8 വർഷത്തെ ജയിൽ വാസം എന്ന കോടതി വിധിയാണ്.തുടർന്ന് അവൾ അഭിമുഖീകരിക്കുന്ന തീവ്രമായ സംഘർഷങ്ങൾ  വളരെ ശക്തമായി ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മൈസ അബ്ദ് എൽഹാദി എന്ന നടിയുടെ പ്രകടനം വളരെ അധികം പ്രശംസനീയമാണ്. കഥാപാത്രത്തിന്റെ അന്തസത്ത
ചോർന്നുപോകാതെ തന്നെ അവതരിപ്പിക്കാൻ മൈസയ്ക്ക് കഴിഞ്ഞു. ജയിലിൽ വെച്ച്  ലയലിന് അനുഭവിക്കേണ്ടി വരുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങൾ  കാഴ്ചക്കാരിൽ നൊമ്പരമുളവാക്കുന്നവയാണ്. തടവിൽ കഴിയുമ്പോൾ കുഞ്ഞിന് ജന്മം  നൽകേണ്ടി വരുന്നതാണ് ചിത്രത്തിലെ പ്രധാന സംഭവങ്ങളിൽ ഒന്ന്. മകൻറെ ജനനം ലയൽ എന്ന കഥാപാത്രത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ കൃത്യമായി ഒപ്പിയെടുക്കാൻ സംവിധായികയ്ക് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലൊരിടത്തും സ്ത്രീ എന്ന നിലയിലുള്ള പരിമിതികൾ മായി മസ്രി പ്രകടിപ്പിക്കുന്നില്ല. പലസ്തീൻ -ഇസ്രായേൽ സംഘർഷാവസ്ഥയെ ചിത്രത്തിൽ ഉടനീളം പ്രതിപാദിക്കുന്നു.


സാങ്കേതികമായും ചിത്രം ഒട്ടും പിന്നിൽ നിൽക്കുന്നില്ല.ഒരു സ്ത്രീപക്ഷ സിനിമയെന്ന് ഇതിനെ വിളിക്കാമെങ്കിലും സ്ത്രീകൾക്ക് വേണ്ടി മാത്രം നിർമിച്ചിട്ടുള്ള ഒരു ചിത്രമല്ലിത്.മറിച്ച്  മാനുഷിക മൂല്യങ്ങളെ  ഹൃദയത്തിൽ സൂക്ഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാവുന്ന ചലച്ചിത്ര ഭാഷ്യമാണ് 3000 നൈറ്റ്സ്.

No comments:

Post a Comment

അടിച്ചമര്‍ത്തലുകള്‍ സ്ത്രീകളെ ശക്തരാക്കി: മായ് മസ്രി

യുദ്ധവും ഇസ്രായേലിയന്‍ അടിച്ചമര്‍ത്തലുകളും സ്ത്രീകളെ കൂടുതല്‍ ശക്തരാക്കിയെന്ന്  പലസ്തീന്‍ സംവിധായിക മായ് മസ്രി. തങ്ങള്‍ നേരിട്ട  പീഡനങ്ങളും...